Wednesday, June 6, 2007

നൈറ്റ്മേര്‍


ഉറയുരിഞ്ഞ
പാമ്പിന്റെ
തോലുപോല്‍
അഴയില്‍
തൂങ്ങിക്കിടന്ന
എന്റെ കൂര്‍ത്തയുടെ
മുകളില്‍
മശകങ്ങള്‍
മൂളിപ്പറന്നു...

നിശബ്ദതയുടെ
കന്യകാത്വത്തെ
കീറിമുറിച്ച്‌
അട്ടഹസിച്ച്‌
ഓടിപ്പോയ
വാഹനത്തെ
ഇരുള്‍
ഒറ്റവായില്‍
വിഴുങ്ങി...

ഏറെയാര്‍ത്തിയോടെ
മുറിയില്‍ കയറി വന്ന
പെരുച്ചാഴി
അതിന്റെ മൂക്കിന്റെ
പ്രവര്‍ത്തനക്ഷമതയില്‍
സംശയിച്ച്‌
പിറുപിറുത്ത്‌
ഇറങ്ങിപോയി...

ഒരു കരിമ്പടം
കൂടെ പുതച്ച്‌
പൊട്ടിയ
മോണയുടെ
മുറിവേറ്റ
ഭാഗത്ത്‌
നാവുതോണ്ടി
ഞാനുറക്കത്തെ കാത്തു...

വാഴക്കാട്ടില്‍
നിഴലുകള്‍
എന്നെ
കാത്തിരിക്കുന്നുവെന്ന്
ഭയന്നതിന്റെ
ചൂടില്‍
കുതിര്‍ന്നൊഴുകിയ
വിയര്‍പ്പുതുള്ളികള്‍
പിന്നെ, തണുക്കാന്‍
തുടങ്ങിയപ്പോള്‍
ഞാന്‍ കണ്ണിറുക്കിയടച്ചു...

കിനാവിലിന്നലെ,
നീയെന്റെ
നാവറുത്ത്‌
ചുമരില്‍ തറച്ചതും,
കറങ്ങുന്ന
ഫാനിന്റെ
മുകളില്‍ കയറി,
കത്തുന്ന
ബള്‍ബിലെയ്ക്കെടുത്തു
ചാടിയതും
എന്തിനായിരുന്നു
എന്നാലോചിക്കാന്‍
ഇന്നെനിയ്ക്കു
സമയം കിട്ടിയില്ല..
എന്തായാലും
അതിന്നത്തെ
സ്വപ്നം കൂടെ
കഴിഞ്ഞിട്ടാകാം...

Tuesday, May 29, 2007

കാത്തിരിപ്പ്‌


വലിച്ചെറിഞ്ഞ
വേശ്യയുടെ
ഉണങ്ങിയ
ശരീരം പോലെ
ദ്രവിച്ചുകിടന്ന
വാഹനത്തിന്റെ,
രക്തം തെറിച്ച്‌
കട്ടപിടിയ്ക്കാത്ത
ഭാഗത്തിരുന്ന്
മോഷ്ടിച്ചെടുത്ത
ഭക്ഷണം
കഴിച്ചവന്റെ
ആര്‍ത്തിയില്‍
ഇല്ലാതായ അപ്പം
അതിന്റെ
ജന്മം
സാഫല്യപ്പെടുത്തി...

അതിനതല്ലാതെ
എന്തു ചെയ്യാന്‍ കഴിയും?

വിശക്കുന്ന
വയറിനും
പെയ്യേണ്ട
മഴയ്ക്കും
കാത്തിരിപ്പെന്നും
അരോചകമായ
കൂട്ടമണികളാണ്‌